TEACHING PRACTICE SECOND PHASE - LAST WEEK ( 15/08/2022 - 19/08/2022 )
രണ്ടാംപാദ സ്കൂൾ ഇൻഡക്ഷൻ പ്രോഗ്രാമിന്റെ അവസാന ആഴ്ച. ഒത്തിരി തിരക്കുകളും സന്തോഷങ്ങളും ചെറിയ മധുരകരമായ ദുഃഖങ്ങളും നിറഞ്ഞ മനോഹരമായ ഒരു ആഴ്ച. സ്വാതന്ത്ര്യദിനം, സ്കൂൾ പുതിയ കെട്ടിട ഉദ്ഘാടനം തുടങ്ങിയ ആഘോഷങ്ങൾ ഉൾപ്പെട്ട ആഴ്ചയിൽ ശ്രീകൃഷ്ണ ജയന്തി പ്രമാണിച്ചു ഒരു അവധി കൂടി വന്നപ്പോൾ ദിവസങ്ങൾ പെട്ടെന്ന് കടന്ന് പോയിരുന്നു.ഓരോ ദിവസവും പെട്ടെന്ന് കടന്ന് പോയതിലൂടെ മനസ്സിൽ വിങ്ങലുകൾ കൂടി കൂടി വന്നിരുന്നു. ഒരുപാട് മധുരകരമായ ഓർമകളും അനുഭവങ്ങളും സമ്മാനിച്ച സ്കൂളിൽ നിന്ന് പടിയിറങ്ങേണ്ടി വരിക എന്നതും പ്രിയപ്പെട്ട കുട്ടികളെ പിരിയേണ്ടി വരിക എന്നതും നമ്മളോരോരുത്തരെ സംബന്ധിച്ചിടത്തോളവും കഠിനകരമായ ഒന്ന് ആയിരുന്നു. കഴിഞ്ഞ ആഴ്ചകളിലെ പോലെ തന്നെ ആവേശത്തോട് കൂടി തന്നെ ഉച്ച ഭക്ഷണം വിതരണം ചെയ്യുന്നതിനും ഡിസിപ്ലിൻ ഡ്യൂട്ടിയിൽ പങ്കെടുക്കുന്നതിനും എനിക്ക് സാധിച്ചിരുന്നു.
15/08/2022 തിങ്കൾ, സ്വാതന്ത്ര്യദിനം പ്രമാണിച്ചു സ്കൂളിൽ പ്രവർത്തി ദിവസം അല്ലായിരുന്നു. എന്നാൽ സ്കൂളിൽ ഒരു ഉത്സവം തന്നെ ആയിരുന്നു അന്ന്. സ്വാതന്ത്ര്യദിന പരിപാടികളിൽ മത്സരിക്കാനെത്തിയ കുട്ടികളാലും സ്വാതന്ത്യാദിന ഘോഷയാത്രയിൽ പങ്കെടുക്കാനായി എത്തിയ ചുവപ്പും വെള്ളയും പച്ചയും വസ്ത്രങ്ങൾ ധരിച്ച കുട്ടികളാലും NCC, SPC, സ്കൗട്ട് ആൻഡ് ഗൈഡ് അംഗങ്ങളാലും ഒരേ കളർ വസ്ത്രങ്ങളിൽ വന്ന അധ്യാപകരാലും എല്ലാം സ്കൂൾ വർണശോഭമായ ഒരു ദിവസമായിരുന്നു ഇത്. പരിപാടികൾ 8:20 നു തുടങ്ങേണ്ടത് ഉള്ളതിനാൽ ഞാൻ 8 മണിക്ക് തന്നെ സ്കൂളിൽ എത്തിരുന്നു. നമ്മൾ അധ്യാപകവിദ്യാർത്ഥികൾ എല്ലാവരും എത്തി ചേർന്ന ഉടൻ തന്നെ സ്കൂൾ ഗ്രൗണ്ടിൽ ഉയർത്തിയ ദേശിയപതാകയ്ക്ക് താഴെ നിന്ന് ഞങ്ങളൊരുമിച്ച് ഒരു ഫോട്ടോ എടുത്തിരുന്നു.
പിന്നെ ഉടൻ തന്നെ ഘോഷയാത്ര ആരംഭിച്ചിരുന്നു. ഘോഷയാത്രയിൽ കുട്ടികളെ നിയന്ത്രിച്ചു സ്കൂൾ മുതൽ പ്രൈവറ്റ് ബസ് സ്റ്റാന്റ് വരെ കൊണ്ട് പോകുക എന്നതായിരുന്നു എന്റെ കർത്തവ്യം. അത് വിജയകരവും ഭംഗിയുമായി നടപ്പിലാക്കുവാൻ എനിക്ക് കഴിഞ്ഞിരുന്നു.
സ്കൂളിന്റെ ഭാഗമായി സ്കൂളിലെ അധ്യാപകനായി കുട്ടികളെ വരിയായി തിരക്കേറിയ റോഡിലൂടെ വളരെ ദൂരം കൊണ്ട് പോകേണ്ട കർത്തവ്യം നിർവഹിക്കാൻ കഴിഞ്ഞപ്പോൾ ഒരുപാട് സന്തോഷവും അഭിമാനവും എനിക്ക് തോന്നിയിരുന്നു. നാട്ടുകാർ ധാരാളം പേർ എന്നെ ശ്രദ്ധിച്ചിരുന്നു അന്ന്. തുടർന്ന് കുട്ടികളെ സ്കൂളിൽ എത്തിച്ച ശേഷം എന്റെ ഡ്യൂട്ടി അല്ലായിരുന്നിട്ട് കൂടി റിഫ്രഷ്മെന്റ് ഡ്യൂട്ടിയിലും പങ്കെടുക്കുവാൻ എനിക്ക് കഴിഞ്ഞിരുന്നു.
ധാരാളം കുട്ടികൾ അംഗങ്ങൾ ആയിട്ടുള്ള സ്കൂളിലെ NCC, SPC, സ്കൗട്ട് ആൻഡ് ഗൈഡ് വിങ്ങുകളുടെ പരേഡും മധുരകരമായ കാഴ്ചയായിരുന്നു. തുടർന്ന് വ്യത്യസങ്ങളായ ദേശസ്നേഹം ഉണർത്തുന്ന പരിപാടികളിൽ സ്കൂൾ ഓഡിറ്റോറിയം നിറഞ്ഞു. കുട്ടികളുടെ പല പരിപാടികളും രോമാഞ്ചം കൊള്ളിക്കുന്ന തരത്തിൽ ഉള്ളത് ആയിരുന്നു.
സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്ക് ഒടുവിൽ കൃത്യം 11 മണിക്ക് തന്നെ സ്കൂളിലെ പുതിയ ബിൽഡിംഗ് ഉദ്ഘാടന ചടങ്ങ് ആരംഭിച്ചിരുന്നു. ഉദ്ഘാടനത്തിനായി ബഹുമാനപ്പെട്ട പൊതു പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി ശ്രീ വി ശിവൻകുട്ടി സാർ, ആറ്റിങ്ങൽ എംപി ശ്രീ അടൂർ പ്രകാശ് സാർ, ആറ്റിങ്ങൽ എം എൽ എ ശ്രീമതി ഒ എസ് അംബിക തുടങ്ങിയ വിശിഷ്ടാതിഥികളും സ്കൂളിൽ വന്നിരുന്നു. ഉദ്ഘാടന പരിപാടികൾക്ക് ശേഷം കൃത്യം ഒന്നര മണിയോടെ ഞങ്ങൾ സ്കൂളിൽ നിന്ന് ഇറങ്ങി.
16/08/2022 ചൊവ്വാഴ്ച, 1,2 പീരിയഡുകൾ 9B ക്ലാസ്സിൽ പഠിപ്പിക്കുവാൻ അവസരം ലഭിച്ചതോടെ എഴുതിയ മുഴുവൻ ലെസ്സൺ പ്ലാനുകളും പൂർത്തിയാക്കുവാൻ എനിക്ക് കഴിഞ്ഞിരുന്നു.
തുടർന്ന് 4,5 പീരിയഡുകൾ യഥാക്രമം 9F, 8B ക്ലാസുകളിൽ കയറി പഠിപ്പിക്കുവാനും എനിക്ക് അവസരം ലഭിച്ചു. തുടർന്ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചു നടത്തിയ ക്വിസ് മത്സരത്തിൽ കുട്ടികൾക്ക് മാർക്ക് നൽകുവാനും എനിക്ക് കഴിഞ്ഞിരുന്നു.
17/08/2022 ബുധനാഴ്ച, ടൈം ടേബിൾ പ്രകാരം ക്ലാസ്സ് ഒന്നും ഇല്ലാത്ത ദിവസം ആയിരുന്നെങ്കിലും 3,4,6 പീരിയഡുകൾ യഥാക്രമം 10F, 8J, 8B ക്ലാസ്സുകളിൽ പഠിപ്പിക്കുവാൻ എനിക്ക് അവസരം ലഭിച്ചിരുന്നു. 8B യിലെ കുട്ടികൾ ഞാൻ ഇനി മറ്റന്നാൾ കൂടിയേ സ്കൂളിൽ ഉള്ളു എന്ന് അറിഞ്ഞ് എനിക്ക് ഒരു സമ്മാനവും നൽകിയിരുന്നു. ആറാമത്തെ പീരിയഡ് 8B ക്ലാസ്സിൽ ഡയഗ്നോസ്റ്റിക് ടെസ്റ്റ് നടത്തുവാനും തുടർന്നുള്ള ഏഴാമത്തെ പീരിയഡ് ക്ലാസ്സ് ഇല്ലാത്തതിനാൽ അത് അപ്പോൾ തന്നെ വിലയിരുത്തുവാനും എനിക്ക് കഴിഞ്ഞിരുന്നു.
19/08/2022 വെള്ളിയാഴ്ച, രണ്ടാംപാദ സ്കൂൾ ഇൻഡക്ഷൻ പ്രോഗ്രാമിന്റെ അവസാന ദിവസം. ഒത്തിരി വിഷമത്തോടെ ആയിരുന്നു ഞാൻ സ്കൂളിലേക്ക് വന്നിരുന്നത്. എനിക്ക് ക്ലാസ്സ് എടുക്കുവാൻ ആയി നൽകിയിരുന്ന 8B, 9B ക്ലാസ്സുകളിലെ പാഠഭാഗങ്ങൾ എനിക്ക് പഠിപ്പിച്ച് പൂർത്തിയാക്കുവാൻ കഴിഞ്ഞത്തിരുന്നു. എന്നാൽ 9D ക്ലാസ്സിൽ രണ്ട് ആശയങ്ങൾ കൂടി പഠിപ്പിക്കേണ്ടതായി ഉണ്ടായിരുന്നു. ടൈം ടേബിൾ പ്രകാരം ലാസ്റ്റ് പീരിയഡ് മാത്രമേ എനിക്ക് ക്ലാസ്സ് ഉണ്ടായിരുന്നുള്ളു. എന്നാൽ ധാരാളം ഫ്രീ പീരിയഡുകൾ എനിക്ക് ലഭിച്ചിരുന്നു. 1,4,7 പീരിയഡുകൾ 9D classil കയറി പാഠഭാഗങ്ങൾ പഠിപ്പിച്ചു തീർക്കുവാനും കുട്ടികളെ കൊണ്ട് എന്റെ ക്ലാസ്സിനെക്കുറിച്ചുള്ള ഫീഡ്ബാക്ക് എഴുതിക്കുന്നതിനും മിഠായി വിതരണം നടത്തുന്നതിനും കുട്ടികൾക്ക് മോട്ടിവേഷൻ കഥയിലൂടെ ഇൻസ്പിറേഷൻ നൽകുന്നതിനും എനിക്ക് കഴിഞ്ഞിരുന്നു. 5,6 പീരിയഡുകൾ 9B ക്ലാസ്സിൽ കയറി മോട്ടിവേഷൻ കഥ പറയുന്നതിനും എന്റെ ക്ലാസ്സിനെ കുറിച്ചുള്ള കുട്ടികളുടെ അഭിപ്രായം എഴുതിക്കുന്നതിനും മിഠായി വിതരണം നടത്തുന്നതിനും കുട്ടികൾക്കായി പാട്ടുകൾ പാടി കൊടുക്കുന്നതിനും എനിക്ക് കഴിഞ്ഞിരുന്നു.
മൂന്നാമത്തെ പീരിയഡ് 8B ക്ലാസ്സിൽ കയറി കുട്ടികൾക്ക് മധുരം നൽകി യാത്ര പറയുന്നതിനും എനിക്ക് കഴിഞ്ഞത്തിരുന്നു. 8B ക്ലാസ്സിലെയും 9B ക്ലാസ്സിലെയും കുട്ടികൾ ഞാൻ പോകുന്നത് കൊണ്ട് കരഞ്ഞത് എന്റെ കണ്ണുകളും നനയിച്ചിരുന്നു. ഒരു നിങ്ങളോട് ആയിരുന്നു അതിനു ശേഷം ഞാൻ സ്കൂളിൽ നിന്നിരുന്നത്. ഉച്ചയ്ക്ക് 1:30 മണിക്ക് സ്കൂളിലെ പ്രഥമഅദ്ധ്യാപകൻ നമുക്കായി ഒരു മീറ്റിംഗ് വച്ചിരുന്നു. അതിൽ സ്കൂളിലെ പ്രധാന അധ്യാപകരും നമ്മുടെ മെന്റർ ടീച്ചർമാരും പങ്കെടുത്തിരുന്നു. അധ്യാപകർ നമുക്ക് നല്ല നല്ല ഉപദേശങ്ങൾ നൽകി നമുക്ക് നല്ലൊരു യാത്ര അയപ്പ് നൽകിയിരുന്നു.
ശേഷം ഉച്ചയ്ക്ക് തന്നെ ഞങ്ങൾ ഒരുമിച്ച് സ്കൂളിലെ അധ്യാപകർക് എല്ലാം മധുരം നൽകുകയും പ്രഥമഅദ്ധ്യാപകന് ഒരു ചെറിയ സ്നേഹോപകാരം നൽകുകയും ചെയ്തിരുന്നു. തുടർന്ന് നമ്മൾ ഓരോരുത്തരും നമ്മുടെ മെന്റർ അധ്യാപകർക്ക് സ്നേഹോപകാരം നൽകി യാത്ര പറഞ്ഞു. അവസാനം കൂടെ ഉണ്ടായിരുന്ന മറ്റു കോളേജിലെ അധ്യാപകവിദ്യാർത്ഥികളോട് യാത്ര പറഞ്ഞുകൊണ്ട് കലങ്ങിയ കണ്ണുകളും മരവിച്ച മനസ്സുമായി ഞാൻ സ്കൂളിൽ നിന്ന് ഇറങ്ങി.
Comments
Post a Comment